This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വിന്‍, ആന്റണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വിന്‍, ആന്റണി

Quinn, Anthony (1915 - 89)

ആന്റണി ക്വിന്‍

രണ്ടുതവണ ഓസ്കാര്‍ അവാര്‍ഡുജേതാവായ (1952, 56) ചലച്ചിത്രനടനും ചലച്ചിത്രസംവിധായകനും. 1915 ഏ. 21-ന് മെക്സിക്കോയില്‍ ജനിച്ചു. 1036-ല്‍ 'പരോള്‍' (Parole) എന്ന സിനിമയില്‍ ഒരു ചെറിയ റോളില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. ബ്രോഡ്വേ നാടകമായ 'എ സ്ട്രീറ്റ് കാര്‍ നെയിംഡ് ഡിസയര്‍' (A Street Car Named Desire) പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. 1952-ല്‍ പുറത്തുവന്ന എലിയാ കാസന്റെ (Elia Kazan) 'വിവാസപ്പാട്ട!' ( Viva zapata!)യാണ് ക്വിന്നിന് മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിക്കൊടുത്തത്, ഫെല്ലിനിയുടെ 'ലാസ്ട്രാഡാ' (La'strada)യിലെ സമ്പാനോ (Zampano)യുടെ ഭാഗം ക്വിന്‍ മികവുറ്റതാക്കി. 1956-ല്‍ 'ലസ്റ്റ് ഫോര്‍ ലൈഫ്' (Lust for Life) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള മറ്റൊരു ഓസ്കാര്‍ പുരസ്കാരവും ക്വിന്‍ നേടുകയുണ്ടായി.

'ബക്കനീര്‍' (Buccaneer) 'ലാസ്റ്റ് ട്രെയിന്‍ ഫ്രം ഗണ്‍ഹില്‍' (Last Train from Gun-hill), 'വാര്‍ലോക്' (Warlock) തുടങ്ങിയവ ക്വിന്നിന്റെ മെച്ചപ്പെട്ട ചിത്രങ്ങളാണ്. 'ഹഞ്ച് ബാക്ക് ഒഫ് നോത്ര് ദേം' (Hunch back of Notre Dame) എന്ന ചിത്രത്തിലെ അഭിനയം ക്വിന്നിന്റെ താരപദവി ഔന്നത്യത്തിലെത്തിച്ചു. 'ഗണ്‍സ് ഒഫ് നാവറോണ്‍' (Guns of Navarone), 'ബാരബസ്' (Barabbas), 'ലോറന്‍സ് ഒഫ് അറേബ്യ' (Lawrence of Arabia) എന്നീ ചിത്രങ്ങളിലും ക്വിന്നിന്റെ അഭിനയമേന്മ പ്രകടമാണ്. 1965-ല്‍ 'സോര്‍ബാ, ദ ഗ്രീക്' ((Zorba, the Greek)ലെ അഭിനയം ക്വിന്നിന് സാര്‍വദേശീയമായ അംഗീകാരം നേടിക്കൊടുത്തു.

1972-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദി ഒറിജിനല്‍ സിന്‍ (The Original Sin) ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2001 ജൂണ്‍ 3-ന് മാസച്യുസെറ്റ്സില്‍ ക്വിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍